ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതിയെ പിടികൂടാൻ സഹായിച്ചത് ഈ നിർണായക തെളിവ്

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിനെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ച നിർണായക തെളിവ് ലഭിച്ചത് കല്ലുവാതുക്കൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ നൽകിയ വിവരമെന്ന് റിപ്പോർട്ട്. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ സംബന്ധിച്ച നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ചാത്തന്നൂർ കേന്ദ്രീകരിച്ചുള്ള ഒരു വ്യക്തിയാണ് ഇതിന് പിന്നിലെന്ന് ആദ്യം സംശയം പറഞ്ഞത് ഈ ഓട്ടോ ഡ്രൈവറാണ്. ഇയാൾക്ക് സ്വിഫ്റ്റ് ഡിസയർ കാറും മറ്റൊരു നില നിറത്തിലുള്ള കാറുമുള്ളതായും ഓട്ടോ ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.

കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. തെങ്കാശിയിൽ വെച്ചാണ് ഇവർ പിടിയിലായത്. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് അറസ്റ്റിലായത്.

വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാർ കുടുംബത്തിനൊപ്പം ചേർന്ന് നടത്തിയ പ്ലാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് റിപ്പോർട്ട്. പദ്മകുമാർ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീർക്കാൻ പണം കിട്ടാനാണ് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയതെന്നാണ് പുറത്തു വരുന്ന വിവരം.