ലോകകപ്പ് ഫൈനലില്‍ തോറ്റദിവസം രാത്രി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കരയുകയായിരുന്നുവെന്ന് ടീം അംഗം ആര്‍. അശ്വിന്‍

ഇന്ത്യ ഓസ്‌ട്രേലിയയോട് ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റദിവസം രാത്രി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കരയുകയായിരുന്നുവെന്ന് ടീം അംഗം ആര്‍. അശ്വിന്‍. ഫൈനലിലെ രാത്രി ഡ്രസ്സിങ് റൂമിലുണ്ടായ സംഭവത്തെക്കുറിച്ച് യുട്യൂബ് ചാനലില്‍ എസ്. ബദരീനാഥുമായുള്ള സംഭാഷണത്തിനിടെയാണ് അശ്വിന്‍ തുറന്നുപറഞ്ഞത്.

”എല്ലാവരും കടുത്ത വേദനയിലായിരുന്നു. രോഹിതും കോലിയും അക്ഷരാര്‍ഥത്തില്‍ കരഞ്ഞു. ഇന്ത്യയുടേത് വളരെ പരിചയസമ്പന്നമായ ടീമായിരുന്നു, എന്താണ് ചെയ്യേണ്ടതെന്ന് ഓരോരുത്തര്‍ക്കുമറിയാം. എന്നിട്ടും റിസള്‍ട്ട് മറ്റൊന്നായി.” അശ്വിന്‍ പറഞ്ഞു.

‘ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവുംമികച്ച ക്യാപ്റ്റന്‍ എം.എസ്. ധോനിയാണെന്നാണ് എല്ലാവരും പറയുക. എന്റെ അഭിപ്രായത്തില്‍, രോഹിത് ശര്‍മ അസാമാന്യ മനുഷ്യനാണ്. ടീമിലെ ഒരോരുത്തരെയും രോഹിത്തിന് കൃത്യമായി അറിയാം. ഓരോരുത്തരുടെയും ഇഷ്ടങ്ങളറിയാം. കളിക്കാരെ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു’ -അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.