കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് 13 കോടി രൂപ ഉടൻ തിരികെ നൽകും; ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി

തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് 13 കോടി രൂപ ഉടൻ തിരികെ നൽകാൻ തീരുമാനം. ശനിയാഴ്ച മുതൽ തുക വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. അഞ്ചു ലക്ഷത്തിന് മീതെ സ്ഥിര നിക്ഷേപമുള്ളവർക്ക് ഡിസംബർ 11 മുതൽ 10 ശതമാനം വരെ തുക പലിശ സഹിതം തിരികെ നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

അര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം പൂർണമായും പിൻവലിക്കാൻ അവസരം ലഭിക്കും. ചെറുകിട സ്ഥിര നിക്ഷേപകർക്ക് നിശ്ചിത ശതമാനം തുകയും പലിശയും പിൻവലിക്കാം. കരുവന്നൂർ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. അതേസമയം, പുതിയതായി 85 നിക്ഷേപകർ കരുവന്നൂർ സഹകരണ ബാങ്കിൽ വന്നതായി ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പറഞ്ഞു. പുതിയ 85 പേർ 41.2 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.

11.2 കോടി രൂപയുടെ നിക്ഷേപം പുതുക്കിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വിശദമാക്കി. 103.6 കോടി രൂപയാണ് മൂല്യമില്ലാത്ത വസ്തു ഈടിൽ ലോൺ നൽകിയത്. അതിൽ 50 കോടി തിരിച്ചു പിടിക്കാനാവുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.