തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂർ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡോ ആർ ബിന്ദു നിയമലംഘനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി പ്രതിപക്ഷത്തിന്റെ വാദങ്ങൾ ശരിവച്ചു. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായി എന്ന് വിധിയിലുണ്ട്. ഗവർണറും സർക്കാരും ഒന്നിച്ചു നടത്തിയ ഗൂഢാലോചനയാണിത്. ഗവർണറും ഗവൺമെന്റും തമ്മിൽ തർക്കമില്ലെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
സർക്കാർ ചിലവിൽ നവകേരള സദസ് നടത്തി നാട്ടുകാരുടെ ചിലവിൽ അപമാനിക്കാനാണ് ശ്രമം. താൻ തോന്നിയപോലെ ചെയ്യുന്നയാളല്ല. സിപിഐഎമ്മിനെ സർവ്വനാശത്തിലേക്ക് നയിക്കുകയാണ് മുഖ്യമന്ത്രി. കുറെ നാളായി മുഖ്യമന്ത്രിക്ക് ഈ അസുഖം തുടങ്ങിയിട്ട്. മുൻപ് വൈദ്യുതി മന്ത്രി ആയിരുന്ന സമയത്ത് തുടങ്ങിയതാണ്. കാണുന്ന എല്ലാവരുടെയും മാനസിക നില പ്രശ്‌നമാണെന്ന് തോന്നുന്നത് തന്നെ ഒരു അസുഖമാണ്. ഉടൻ മുഖ്യമന്ത്രി അതിന് ചികിത്സ തേടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

