കണ്ണൂര്‍ വിസി നിയമനത്തിൽ തീരുമാനമെടുത്തത് ഗവര്‍ണര്‍; ആർ ബിന്ദു

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സുപ്രീം കോടതി വിധിയെ മന്ത്രി സ്വാഗതം ചെയ്തു. എജിയുടെ നിയമോപദേശ പ്രകാരമാണ് ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ താൻ ശുപാർശ നൽകിയതെന്ന് ബിന്ദു പ്രതികരിച്ചു.

ചാൻസിലർ കൂടിയായ ഗവർണറാണ് ശുപാർശയിൽ തീരുമാനമെടുത്തത്. വിസിയുടെ നിയമനം ഗവർണറുടെ വിവേചനാധികാരമാണെന്നും വിധി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും വ്യക്തമാക്കി.

അതേസമയം, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി പുറത്താക്കിയത് വൈസ് ചാൻസലറെ പുനർ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും നിരീക്ഷിച്ചാണ്. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടർന്ന് ഗവർണർക്ക് തീരുമാനം ദുസ്സഹമായി. വൈസ് ചാൻസലറുടെ പുനർ നിയമനം അട്ടിമറിയാണ്. സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് പുനർനിയമനം അട്ടിമറിച്ചതെന്നും കോടതി കൂട്ടിച്ചേർത്തു.