ന്യൂഡൽഹി: ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി നാസ. സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്നാണ് യുഎസ് വ്യക്തമാക്കിയിട്ടുള്ളത്. നാസ മേധാവി ബിൽ നെൽസൺ ഇന്ത്യയിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയും യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾക്ക് വേണ്ടിയാണ് നാസ മേധാവി ഇന്ത്യയിൽ എത്തിയത്. ഐഎസ്ആർഒയുമായുള്ള നാസയുടെ പങ്കാളിത്തം വളർത്തുന്നതിനായുള്ള ചർച്ചകൾക്ക് തയ്യാറാണെന്നും ബഹിരാകാശ രംഗത്ത് ഇന്ത്യ നേതൃനിരയിലുണ്ടെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഇന്ത്യയുടെ ചന്ദ്രയാൻ- 3 നേട്ടത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 2024 ൽ യുഎസ് സ്വകാര്യ ലാന്ററുകൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കയക്കുമെന്നും എന്നാൽ ഇന്ത്യ ഇതിനകം അത് ചെയ്തിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ നാസയുടെ വലിയൊരു പങ്കാളിയാണ്. 2040 ഓടെ സ്വന്തം ബഹിരാകാശ നിലയം നിർമിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് യുഎസ് ബഹിരാകാശ ഏജൻസി സഹായം നൽകും. സീറോ ഗ്രാവിറ്റിയിൽ മരുന്നുകളുടെ ഗവേഷണം ഉൾപ്പടെയുള്ള ഗവേഷണങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ നിലയങ്ങൾ വഴിയൊരുക്കും. ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്ക് സഹകരിക്കാനും നമ്മുടെ അനുഭവം പങ്കിടാനുും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

