രക്ഷാ പ്രവർത്തനം വിജയം; തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും രക്ഷപ്പെടുത്തി

ദെഹ്റാദൂൺ: ഉത്തരകാശിയിലെ രക്ഷാ പ്രവർത്തനം വിജയം. ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.05-ഓടെയാണ് രക്ഷാദൗത്യത്തിന്റെ അവസാനഘട്ടം ആരംഭിച്ചത്. ഒന്നരമണിക്കൂറെടുത്താണ് മുഴുവൻ തൊഴിലാളികളും പുറത്തെത്തിച്ചത്.

തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആദ്യത്തെ കുറച്ച് തൊഴിലാളികളെ സ്ട്രെച്ചറിലാണ് പുറത്തെത്തിച്ചത്. എല്ലാ തൊഴിലാളികളും ആരോഗ്യവാന്മാരാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. പുറത്തെത്തിയ തൊഴിലാളികളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും കേന്ദ്രമന്ത്രി വി കെ സിങ്ങും ചേർന്ന് സ്വീകരിച്ചു.

തൊഴിലാളികളുടെ അടുത്തേക്ക് ആദ്യമെത്തിയത് ഡൽഹിയിൽ നിന്നുള്ള റാറ്റ് മൈനർ, മുന്ന ഖുറേഷിയാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവസാനത്തെ പാറ താനാണ് നീക്കം ചെയ്തത്. തനിക്ക് അവരെ കാണാൻ കഴിഞ്ഞു. തുടർന്ന് താൻ മറുവശത്തേക്ക് ചെന്നു. അവർ തങ്ങളെ കെട്ടിപ്പിടിക്കുകയും എടുത്തുയർത്തുകയും ചെയ്തു. രക്ഷിക്കാനെത്തിയതിന് അവർ നന്ദി അറിയിച്ചുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂർ തങ്ങൾ തുടർച്ചയായി ജോലി ചെയ്യുകയായിരുന്നു. തനിക്ക് തന്റെ സന്തോഷം പ്രകടിപ്പിക്കാനാകുന്നില്ല. താൻ എന്റെ രാജ്യത്തിനുവേണ്ടിയാണിത് ചെയ്തത്. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ തങ്ങൾക്ക് നൽകിയ ബഹുമാനം തനിക്ക് തന്റെ ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.