ന്യൂഡൽഹി: പാകിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ വിലക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പാക് കലാകാരന്മാർ ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നതും സിനിമയിൽ ജോലി ചെയ്യുന്നതും വിലക്കണമെന്നാവശ്യപ്പെട്ട് സിനിമ പ്രവർത്തകനായ ഫായിസ് അൻവർ ഖുറേഷിയാണ് ഹർജി നൽകിയത്. ഇന്ത്യയിൽ കലാപരിപാടികൾ അവതരിപ്പിക്കാനോ, സിനിമ മേഖലയിൽ ജോലി എടുക്കുന്നതിനോ പാകിസ്ഥാൻ കലാകാരന്മാർക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
നേരത്തെ ഇയാൾ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഈ വിധിയിൽ ഇടപെടാൻ കഴിയില്ലെന്നും ഇത്രയ്ക്കും ഇടുങ്ങിയ ചിന്താഗതി വച്ചുപുലർത്തരുതെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
സിനിമാ പ്രവർത്തകർ, ഗായകർ, സംഗീതജ്ഞർ, ഗാനരചയിതാക്കൾ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരുൾപ്പെടെ എല്ലാവർക്കും ഈ ഉത്തരവ് ബാധകമാക്കണമെന്ന ആവശ്യവും ഹർജിയിൽ മുന്നോട്ടുവെച്ചിരുന്നു.

