ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; രാജ്യത്തെ അവയവമാറ്റ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അമ്മയാണ് മകന് വൃക്ക നൽകിയത്. ശസ്ത്രക്രിയ വിജയകരമാണെന്ന് മന്ത്രി പറഞ്ഞു.

വൃക്ക നൽകിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു. രാജ്യത്തിന്റെ തന്നെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദർഭമാണിതെന്ന് വീണാ ജോർജ് അഭിപ്രായപ്പെട്ടു. മുഴുവൻ ടീമംഗങ്ങളെയും ആരോഗ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം, കേരളത്തിന്റെ ആരോഗ്യരംഗം മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു നടന്ന വൃക്ക മാറ്റൽ ശസ്ത്രക്രിയ ചരിത്രത്തിന്റെ ഭാഗമായി മാറി. ഇതോടെ ഒരു ജില്ലാതല ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളത്തിനു സ്വന്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നാടിനാകെ അഭിമാനം പകരുന്ന ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും ഹൃദയപൂർവ്വം അഭിനനന്ദങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.