ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ വെച്ച് ഇന്ത്യൻ കുടുംബങ്ങൾ വിവാഹം നടത്തുന്നതിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ വിദേശത്തുവെച്ചാണ് വലിയ കുടുംബങ്ങൾ വിവാഹങ്ങൾ നടത്തുന്നതെന്നും അത് ഒഴിവാക്കി ഇന്ത്യയിൽ വെച്ച് ഇത്തരം ആഘോഷങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 107-ാം എഡിഷനിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ പണം മറ്റ് രാജ്യങ്ങളിലേക്ക് ഒഴുകുന്നത് തടയാനായി പരിശ്രമിക്കണം. ഈ വർഷം വിവാഹവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങൾക്ക് അഞ്ച് ലക്ഷം കോടിയോളം രൂപയുടെ ബിസിനസ് നടന്നിട്ടുണ്ട്. ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങൾ വിവാഹത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യം കുറച്ചുകാലമായി തന്നെ അലട്ടുകയാണ്. തന്റെ വേദന എന്റെ കുടുംബാംഗങ്ങളുമായി പങ്കുവെച്ചില്ലെങ്കിൽ മറ്റാരോടാണ് താൻ ഇക്കാര്യം പറയുക. ഈ ദിവസങ്ങളിൽ പല വലിയ കുടുംബങ്ങളും വിദേശത്തുവെച്ച് വിവാഹം നടത്തുന്നതായി അറിഞ്ഞു. അത് അത്ര നിർബന്ധമുള്ള കാര്യമാണോ. വിദേശത്ത് വിവാഹം നടത്തുമ്പോൾ ഇന്ത്യക്കാർക്ക് ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. എന്തുകൊണ്ട് ഇത്തരം കല്യാണങ്ങൾ നമ്മുടെ നാട്ടിൽ നടത്തിക്കൂടെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
ഇന്ത്യയിൽ വെച്ച് വിവാഹം നടത്തുമ്പോൾ അത് വിവിധ മേഖലകൾക്ക് പ്രചോദനം നൽകും. തന്റെ വേദന ഇത്തരം കുടുംബങ്ങൾ തിരിച്ചറിയും. രാജ്യനിർമാണത്തിനായി ഏവരും കൈകോർത്താൽ ഇന്ത്യയുടെ വളർച്ചയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

