ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനൊരുങ്ങി നാസ; അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യയിലെത്തും

ന്യൂഡൽഹി: ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനൊരുങ്ങി നാസ. ഇതിനായി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യയിലെത്തും. പുതിയ പദ്ധതികളെ കുറിച്ച് ചർച്ച നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ഗവേഷണവുമായി ബന്ധപ്പെട്ട മേഖലകളിലും മനുഷ്യ പര്യവേക്ഷണത്തിലും ഭൗമശാസ്ത്രത്തിലും ഉഭയക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി ബഹിരാകാശ ഉദ്യോഗസ്ഥരുമായി അദ്ദേഹം സംവദിക്കും. കേന്ദ്രസർക്കാർ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.

നെൽസണിന്റെ ഇന്ത്യ സന്ദർശനത്തിന് ജോ ബൈഡന്റെ നേതൃത്വത്തിൽ വികസിപ്പിച്ച ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്‌നോളജിയിൽ യുഎസുമായുള്ള ഇന്ത്യയുടെ സഹകരണം കൂടുതൽ വികസിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. 2024 -ൽ ഇസ്രോയും നാസയും സംയുക്തമായി ചേർന്ന് വിക്ഷേപിക്കാൻ ഒരുങ്ങുന്ന പദ്ധതിയായ നിസാറിന്റെ നിർമ്മാണവും അദ്ദേഹം വിലയിരുത്തും. ഇതിനായി അദ്ദേഹം ബംഗളൂരുവിലെത്തും. ലോകത്തെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് സാറ്റ്ലെറ്റ് ഉപയോഗിച്ച് ഇന്ത്യയും യുഎസും ചേർന്ന് നടത്തുന്ന പഠനമാണ് നിസാർ. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനമാണിത്.

12 ദിവസത്തിനുള്ളിൽ ഭൂമിയുടെ മുഴുവൻ ആകാശ ദൃശ്യം നിസാർ ചിത്രീകരിക്കും. ഭൂകമ്പങ്ങൾ, സുനാമികൾ, അഗ്നിപർവ്വത സ്‌ഫോടനങ്ങൾ, മണ്ണിടിച്ചിൽ എന്നിവ ഉൾപ്പെടെയുള്ള അപകടങ്ങളെയും ഭൂമിയുടെ ആവാസ വ്യവസ്ഥ, മഞ്ഞ്, സസ്യങ്ങൾ, സമുദ്രനിരപ്പ് ഉയരം, ഭൂഗർഭജലനിരപ്പ് തുടങ്ങിയവയിലെ മാറ്റങ്ങളും മനസിലാക്കി വിവരങ്ങൾ എത്തിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.