ന്യൂഡൽഹി: കോടതികളെ സമീപിക്കുന്നതിൽ ജനങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജനങ്ങളുടെ കോടതിയായാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് തങ്ങളുടെ അവസാന അത്താണിയായി സുപ്രീം കോടതിയെ കാണാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിൽ നടന്ന ഭരണഘടനാദിന ആഘോഷപരിപാടിയുടെ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
ഭരണഘടനയുടെ അംഗീകാരത്തോടെ ജനാധിപത്യ സ്ഥാപനങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും രാഷ്ട്രീയ ഭിന്നതകൾ പരിഹരിക്കുന്നതിന് സമാനമായി വ്യവസ്ഥാപിത തത്വങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കോടതികൾ സഹായിക്കുന്നു. ആ വിധത്തിൽ രാജ്യത്തെ ഓരോ കോടതിയിലേയും ഓരോ കേസും ഭരണനിർവഹണങ്ങളുടെ ഭാഗമാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി സുപ്രീം കോടതി ജനങ്ങളുടെ കോടതിയായി പ്രവർത്തിച്ചുവരികയാണ്. നീതി ലഭിക്കുമെന്ന വിശ്വാസത്തോടെ ആയിരക്കണക്കിന് പൗരർ സുപ്രീം കോടതിയുടെ വാതിൽക്കലെത്തി. വ്യക്തിസ്വാതന്ത്ര്യം, നിയമാനുസൃതമല്ലാത്ത അറസ്റ്റ്, കരാർ തൊഴിലാളികളുടെ അവകാശങ്ങൾ തുടങ്ങിയവയുടെ സംരക്ഷണം, ഗോത്രവർഗക്കാർ തങ്ങളുടെ ഭൂമിയുടെ സംരക്ഷണം, സാമൂഹിക അതിക്രമങ്ങൾക്കെതിരെയുള്ള സംരക്ഷണം എന്നിവക്കെതിരെ ഇടപെടലുണ്ടാകുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ കോടതികളെ സമീപിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഈ വ്യവഹാരങ്ങളൊന്നും കോടതിയ്ക്ക് വെറും ദൃഷ്ടാന്തങ്ങളോ കണക്കുകളോ അല്ല. സുപ്രീം കോടതിയിൽ ജനങ്ങൾക്കുള്ള പ്രത്യാശയും ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിന് സുപ്രീം കോടതിക്കുള്ള ഉത്തരവാദിത്വവും പ്രതിഫലിക്കുന്നതാണിത്. കോടതികളിൽ നടക്കുന്നതെന്താണെന്ന് ജനങ്ങൾക്ക് വ്യക്തമാകുന്നതിന് വേണ്ടി ഇപ്പോൾ കോടതികളിലെ നടപടിക്രമങ്ങളുടേയും വ്യവഹാരങ്ങളുടെ തീർപ്പുകളുടേയും ലൈവ് സ്ട്രീമിങ് നടത്തുന്നുണ്ട്. കോടതി നടപടിക്രമങ്ങളെ കുറിച്ച് മാധ്യമങ്ങൾ നിരന്തരമായി റിപ്പോർട്ടുകൾ നൽകുന്നതിൽനിന്ന് കോടതികളുടെ പ്രവർത്തനങ്ങളെ ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.

