കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം.തൽസ്ഥാനത്ത് നിന്ന് പി.ജി ശങ്കരനെ ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണറെ സമീപിച്ചത്. ക്യാമ്പസ് പ്രോഗ്രാമുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് കുസാറ്റ് വിസിക്കെതിരായ ആക്ഷേപം. ഓണാഘോഷത്തിന്റെ ഭാഗമായി 2015ൽ തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ നൽകിയത്.
ഉത്തരവ് കർശനമായി നടപ്പാക്കാൻ എല്ലാ സർവകലാശാലകളിലും കോളജുകളിലും സർക്കാർ നിർദേശിക്കുകയും ചെയ്തു. എന്നാൽ ഈ മാർഗനിർദേശങ്ങൾ കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിൽ പാലിച്ചിരുന്നില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു. ശനിയാഴ്ച വൈകീട്ട് കുസാറ്റിൽ ഉണ്ടായ ദുരന്തം 2015 ലെ ഹൈക്കോടതി ഉത്തരവ് പാലിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു. കടുത്ത അലംഭാവം കാട്ടിയ ഇടക്കാല വിസിയെ മാറ്റണം. ജുഡീഷ്യൽ അന്വേഷണം കുസാറ്റിലുണ്ടായ അപകടത്തിൽ നടത്തണം. അപകടത്തിൽ മരിച്ചവർക്കും അപകടത്തിൽപ്പെട്ടവർക്കും ധനസഹായം നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.