കൊച്ചി: കുസാറ്റിലെ ദുരന്തത്തിൽ പ്രതികരണവുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ. കുസാറ്റിൽ സംഗീതനിശ നടത്താൻ പൊലീസിന്റെ അനുമതി തേടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അനുമതി തേടി പൊലീസിന് കത്തു ലഭിച്ചിട്ടില്ല. ലഭിച്ച വിവരം അനുസരിച്ച്, അങ്ങനെയൊരു അറിയിപ്പും ലഭിച്ചിട്ടില്ല. സാധാരണഗതിയിൽ കോളജുകളിൽ പരിപാടി നടക്കുമ്പോൾ, പോലീസിന്റെ സേവനം ആവശ്യമുണ്ടെങ്കിൽ കോളജ് അധികൃതർ പൊലീസിനെ അറിയിക്കും. അങ്ങനെയൊരു ആവശ്യം അവർ ഉന്നയിച്ചതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് എ അക്ബർ വിശദമാക്കി.
ക്യാംപസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്നും ഇത്തരം പരിപാടികൾ ഇവിടെ നടക്കാറുണ്ടെന്നും ഡിസിപി കെ സുദർശൻ വ്യക്തമാക്കി. പോലീസിനെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കോളജ് ക്യാംപസിനുള്ളിൽ സാധരണ പരിപാടികൾ നടക്കാറുള്ളതാണ്. പോലീസ് ക്യാംപസിനകത്തു കയറില്ല. ഈ പരിപാടി മാത്രമല്ല, ഇടയ്ക്കിടെ പരിപാടി നടക്കുന്നതാണ്. അനുമതിക്ക് അവർ അപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേരാണ് മരിച്ചത്. 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് പുറത്തു വരുന്ന വിവരം.
ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. നിരവധി വിദ്യാർത്ഥികൾ പരിപാടി നടന്ന ഓഡിറ്റോറിയത്തിലും പുറത്തും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ പരിപാടി കാണുന്നതിനിടെ മഴ പെയ്തു. തുടർന്ന് ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയത്.

