ന്യൂഡൽഹി: ചൈനയിലെ പുതിയ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാക്കി. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്തണമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇക്കാര്യം ചൂണ്ടികാട്ടി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയക്കുകയും ചെയ്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ശ്വസന സംബന്ധമായ അസുഖങ്ങളുടെ വ്യാപനം കൃത്യമായി റിപ്പോർട്ട് ചെയ്യണം. ആശുപത്രികളിലെ സൗകര്യങ്ങൾ വിലയിരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ആശുപത്രിയിലെ സ്ഥിതി കൃത്യമായി നിരീക്ഷിക്കണം. ഈ വർഷം പുതുക്കി ഇറക്കിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണ്. വൈറസ് പടരുന്ന സാഹചര്യം സൂക്ഷ്മായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രം വിശദമാക്കി.
വൈറസ് ബാധ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ല, ഇതുവരെ അസ്വാഭാവികമായി ഒന്നും രാജ്യത്ത് കണ്ടെത്തിയിട്ടില്ല. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്ന് നടപടികൾ വിലയിരുത്തുകയും ചെയ്തു. ന്യൂമോണിയ ബാധ വ്യാപകമാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് യോഗം പ്രധാനമായും മുന്നോട്ടുവച്ചത്.

