മലയാളികളിലേറെയും ഈഗോ വെച്ചുപുലർത്തുന്നവർ; കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്ന് ഹൈക്കോടതി

കൊച്ചി: മലയാളികളിലേറെയും പൊതുവേ ഈഗോ വെച്ചുപുലർത്തുന്നവരാണെന്ന പരാമർശവുമായി ഹൈക്കോടതി. കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണ് മലയാളികളെന്നും ഹൈക്കോടതി പറഞ്ഞു. അതിഥി തൊഴിലാളികൾ മൂലമാണ് കേരളത്തിൽ പല ജോലികളും നടക്കുന്നത്. അതിഥിത്തൊഴിലാളികൾ സംസ്ഥാനത്തിന്റെ വികസനത്തിനു നൽകിയ സംഭാവന വളരെ വലുതാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

എറണാകുളത്ത് നെട്ടൂരിലെ മൊത്തവ്യാപാര മേഖലയിൽനിന്ന് അതിഥിത്തൊഴിലാളികളെ കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്. കഠിനാധ്വാനത്തിന് മലയാളികൾ തയ്യാറാകാതെ വന്നതാണ് അതിഥിത്തൊഴിലാളികളുടെ വരവിനു കാരണമായതെന്നും കോടതി നിരീക്ഷിച്ചു.

അതിഥിത്തൊഴിലാളികൾക്ക് താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും നെട്ടൂരിലെ മാർക്കറ്റിൽ വ്യാപാരികൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഇവരുടെ ലഹരിമരുന്ന് ഉപയോഗം മറ്റുള്ള തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ ജില്ലാ കളക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം നൽകി.