ഗവർണർക്കെതിരെ കേരളം നൽകിയ റിട്ട് ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം നൽകിയ റിട്ട് ഹർജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി. നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്നതിനാണ് കേരളം ഗവർണർക്കെതിരെ ഹർജി നൽകിയത്.

ഗവർണർക്കെതിരെ പഞ്ചാബ് സർക്കാർ നൽകിയ കേസിലെ സുപ്രീം കോടതി ഉത്തരവ് വായിച്ച ശേഷം പരിഗണനയിലിരിക്കുന്ന ബില്ലുകൾ സംബന്ധിച്ച നിലപാട് അറിയിക്കാൻ ഗവർണറുടെ സെക്രട്ടറിയോട് സുപ്രീം കോടതി നിർദേശം നൽകി. ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണർ ബാൻവാരി ലാൽ പുരോഹിതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജിയിൽ പുറപ്പടുവിച്ച ഉത്തരവിന്റെ പകർപ്പ് ഇന്നലെ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും, ആ ഉത്തരവ് കേരള ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദ്ദേശിച്ചു.

ഉത്തരവ് വായിച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണയിലിരിക്കുന്ന ബില്ലുകളിലെ തീരുമാനം ബുധനാഴ്ച്ച അറിയിക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.