കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലി; ശശി തരൂർ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യത്തിൽ നാളെ വൈകുന്നേരത്തോടെ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. കോൺഗ്രസ് നേതാക്കളാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.

നവംബർ 23 ന് കോഴിക്കോട് കടപ്പുറത്താണ് കോൺഗ്രസ് പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നത്. മുസ്ലീം ലീഗ് നേതാക്കളും മത സാമൂഹിക നേതാക്കളും റാലിയിൽ പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ 23 വൈകിട്ട് നാലിന് റാലി ഉദ്ഘാടനം ചെയ്യും. റാലിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, ഡോ എം കെ മുനീർ തുടങ്ങിയ ലീഗ് നേതാക്കൾ റാലിയെ അഭിസംബോധന ചെയ്യും.