നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം; പരാതികൾ പരിഹരിക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി വി ശിവൻകുട്ടി. പരാതികൾ വെറുതെ വാങ്ങുന്നതല്ലെന്നും എല്ലാം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വെല്ലുവിളികളെയും അതിജീവിക്കും. മുസ്ലീം ലീഗ് നേതാക്കൾ പോലും നവകേരള സദസ്സിൽ പങ്കെടുക്കും. മുസ്ലീം ലീഗ് നേതൃത്വം എതിർത്തിട്ടും പ്രാദേശിക തലത്തിൽ നേതാക്കൾ പങ്കെടുക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ മുരളീധരൻ ഇത്രയും കാലം പറഞ്ഞെതെല്ലാം ആളെ പറ്റിക്കാനാണ്. കുറേ കാലമായി ആളെ പറ്റിക്കുന്ന പ്രസ്താവനകൾ ആരംഭിച്ചിട്ടെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ ചെലവിൽ മുഖ്യ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ്സ് മാറിയെന്ന കെ മുരളീധരന്റെ പരാമർശത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധം തകർക്കാൻ പിണറായി വിജയൻ എത്ര ശ്രമിച്ചാലും നടക്കില്ലെന്നും നവകേരള സദസ്സ് ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണം 101 ശതമാനവും ശരിയായെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.