തൃശൂർ കോർപ്പറേഷന്റെ അമൃത് പദ്ധതിയിൽ ക്രമക്കേട്; വെളിപ്പെടുത്തലുമായി മുൻ കോർപ്പറേഷൻ സെക്രട്ടറി

തൃശൂർ: തൃശൂർ കോർപ്പറേഷന്റെ അമൃത് പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന് ആരോപണം. പദ്ധതിയിൽ 20 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ കോർപ്പറേഷൻ സെക്രട്ടറി. 56 കോടിയുടെ കുടിവെള്ള പദ്ധതിയിൽ 20 കോടിയുടെ ബിൽ അനധികൃതമായി ഉണ്ടാക്കിയതായാണെന്ന് അദ്ദേഹം അറിയിച്ചു.

കോർപ്പറേഷൻ സെക്രട്ടറിയായിരുന്ന ആർ രാഹേഷ് കുമാർ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. പദ്ധതിയുടെ ടെണ്ടർ നൽകുന്നതിൽ മേയറും ഇടപെട്ടിരുന്നെന്നും ബില്ല് പാസാക്കാത്തതിനാൽ തനിക്ക് വധഭീഷണിയുണ്ടെന്നും മുൻ സെക്രട്ടറി വെളിപ്പെടുത്തി. അമൃത് പദ്ധതിയുടെ ഭാഗമായി 800 എംഎം പൈപ്പ് സ്ഥാപിച്ച് പീച്ചി മുതൽ തേക്കൻകാട് മൈതാനം വരെ കുടിവെള്ളം എത്തിക്കുന്നതിനാണ് 20 കോടിയുടെ ക്രമക്കേട് നടത്തിയത്. പദ്ധതിയ്ക്കായി ഫയലിൽ രേഖപ്പെടുത്തിയിരുന്ന പൈപ്പുകളും എത്തിയിരുന്നില്ല. തട്ടിപ്പ് പിടികൂടുന്ന സാഹചര്യമായപ്പോൾ കോർപ്പറേഷൻ എഞ്ചിനീയർ, അമൃത് പദ്ധതി നടത്തിപ്പുകാർ എന്നിവർ ചേർന്ന് കോർപ്പറേഷൻ സെക്രട്ടറിയുടെ ലോഗിനും പാസ് വേഡും ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജീവന് ഭീഷണിയുള്ള സാഹചര്യത്തിൽ രാഹേഷ് കുമാർ പോലീസ് സംരക്ഷണം തേടിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കാതെയുള്ള ടെണ്ടർ ഓർഡർ നൽകിയതും സെക്രട്ടറി അറിയാതെയായിരുന്നുവെന്നും അംഗീകാരമില്ലാത്ത 20.40 കോടിയുടെ ബില്ല് ഉണ്ടാക്കിയിട്ടുണ്ടെന്നും സെക്രട്ടറി പറയുന്നു.