നല്ല ഹൃദയമുളളവരെ തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയം നോക്കരുത്; സുരേഷ് ഗോപി

കോഴിക്കോട്: നല്ല ഹൃദയമുളളവരെ തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയം നോക്കരുതെന്ന് നടനും മുൻ എം പിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. പ്രാപ്തിയുളളവരെ തിരഞ്ഞെടുത്തില്ലെങ്കിൽ ആ ദേശത്തിനും അവരുടെ ഗൃഹങ്ങൾക്കും ഒരു ഗുണവും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വടകരയിലെ പുതുപ്പണം പാലയാട്ടുനട കുനിയിൽ ഡ്രെയ്‌നേജ് കം ഫുട്പാത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡ്രെയ്‌നേജ് കം ഫുട്പാത്തിന്റെ പണി പൂർത്തിയാക്കിയത് സുരേഷ് ഗോപി എംപി ആയിരുന്ന സമയത്ത് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ്. ഇതിന്റെ നിർമ്മാണം ഏറ്റെടുത്തിരുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.

നല്ല ഹൃദയമുളളവരെ തിരഞ്ഞെടുത്തില്ലെങ്കിൽ ഇനി ഒരു കാലത്തും കേരളത്തിന് മുന്നേറ്റം ഉണ്ടാവില്ല. സത്യം പറഞ്ഞാൽ കേരളത്തിൽ കേസുണ്ടാകും. കേസ് ഉണ്ടാക്കാൻ ആളില്ലെങ്കിൽ അതിനും ആളെ ഉണ്ടാക്കും. ന്യൂയോർക്കിലെ കുഞ്ഞമ്മയ്ക്ക് കടന്നുപോകാനുള്ള റോഡ് നോക്കി നടക്കുകയാണ് ഇവിടെ ചിലർ. താൻ ഇങ്ങനെയൊന്നും വിമർശിക്കുന്ന ആളല്ല. പക്ഷേ, ഇനി താൻ വിടില്ല. താൻ ഇന്നിൽ നിന്ന് ആരംഭിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വാർഡ് കൗൺസിലർ പി കെ സിന്ധു ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. വി കെ സജീവൻ മുഖ്യാതിഥിയായി. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ, സിസിൽ, എ വി സിദ്ദിഖ്, സജിത മണലിൽ, എ പി രാജൻ, നയന ശ്യാം, സാരംഗ് തുടങ്ങിയവർ പങ്കെടുത്തു.