മാലിന്യമുക്തം നവകേരളം പ്രചരണം; സന്ദേശം ജനങ്ങളിലെത്തിക്കാൻ ഓട്ടോ – ടാക്‌സി മേഖലയിലെ തൊഴിലാളി സംഘടനകളും

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം പ്രചരണത്തിന്റെ ഭാഗമായി ക്യാമ്പയിൻ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രചരണ സന്ദേശം ജനങ്ങളിലെത്തിക്കാൻ ഓട്ടോ – ടാക്‌സി മേഖലയിലെ പ്രമുഖ തൊഴിലാളി സംഘടനകളും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ ടാക്‌സികളിലും ഓട്ടോറിക്ഷകളിലും പ്രചരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കും.

വാഹനങ്ങളിൽ ‘ഞങ്ങൾ പങ്കാളികൾ’ എന്ന മുദ്രാവാക്യം രേഖപ്പെടുത്താനാണ് തീരുമാനം. സന്ദേശങ്ങളടങ്ങിയ തോരണങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത് റിയർ വ്യൂ മിററുകളിൽ തൂക്കിയിടാൻ കഴിയുന്ന വിധമാണ്. ഇതിൽ മാലിന്യക്കൂമ്പാരങ്ങൾ എവിടെയൊക്കെയാണെന്ന് അധികൃതരെ അറിയിക്കുന്നതിനുള്ള ക്യൂ ആർ കോഡും ഉണ്ടാകും. അംഗീകൃത ഓട്ടോ – ടാക്‌സി നിരക്കുകളുടെ വിശദാംശങ്ങൾക്കൊപ്പം മോട്ടോർ തൊഴിലാളികളുടെ ക്ഷേമനിധി വിവരങ്ങളും പ്രചരണത്തിന്റെ സന്ദേശങ്ങളും ബ്രോഷറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഗ്ലോവ് ബോക്‌സിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.

കാറുകളിലും ഓട്ടോറിക്ഷകളിലും ഡ്രൈവർ സീറ്റിന്റെ പിൻവശത്ത് സ്റ്റിക്കറായി പതിപ്പിക്കുന്നതിനും കഴിയുന്നതാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ട്രേഡ് യൂണിയൻ നേതാക്കളുടെ സാന്നിധ്യത്തിൽ ബ്രോഷർ പ്രകാശനം ചെയ്തു. പി രാജേന്ദ്രകുമാർ (സിഐടിയു), വി ആർ പ്രതാപൻ (ഐഎൻടിയുസി), ശാന്തിവിള സതി (ബിഎംഎസ്), പി അജിത്കുമാർ (ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.