ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ഇനി യെമൻ രാഷ്ട്രപതിക്ക് മാത്രമേ വധശിക്ഷ ഒഴിവാക്കാൻ കഴിയുകയുള്ളൂ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഒരാഴ്ചയ്ക്കുള്ളിൽ നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി യെമൻ സന്ദർശിക്കാൻ അനുമതി നൽകണമെന്ന അമ്മ പ്രേമകുമാരിയുടെ ആവശ്യത്തിൽ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സനയിലെ ജയിലിലാണ് നിമിഷപ്രിയ തടവിൽ കഴിയുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി യെമൻ സന്ദർശിക്കാൻ അനുമതി തേടി അമ്മ പ്രേമകുമാരി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
നവംബർ 13-ന് യമനിലെ സുപ്രീംകോടതി വധശിക്ഷക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ തള്ളിയെന്നാണ് തങ്ങൾക്കുലഭിച്ച വിവരമെന്ന് കേന്ദ്രം ഹർജി പരിഗണിക്കവെ കോടതിയിൽ അറിയിച്ചു. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017-ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് യെമൻ സുപ്രീം കോടതി ഇപ്പോൾ തള്ളിയതെന്ന് കേന്ദ്രം വ്യക്തമാക്കി.
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രേമകുമാരി പറയുന്നത്. അതേസമയം, സ്വന്തം ഉത്തരവാദിത്വത്തിൽ നിമിഷപ്രിയയുടെ അമ്മ യെമനിൽ പോകുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം വാക്കാൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.