തിരുവനന്തപുരം: ഇസ്രയേൽ-പാലസ്തീൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യ എല്ലാ കാലത്തും പാലസ്തീൻ വിമോചന പ്രസ്ഥാനത്തിന്റെ ഒപ്പമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഇന്നത്തെ മാറ്റം അധ:പതനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്രാജ്യത്വ വിരുദ്ധ ജനകീയ മനസുള്ള മുഴുവനാളുകളെയും ഐക്യദാർഢ്യ റാലിയിൽ ക്ഷണിക്കും. റാലിയിലേക്ക് വർഗീയ വാദികളെയും അഴകൊഴമ്പൻ നിലപാടുള്ളവരെ ഒഴിച്ച് എല്ലാവരെയും ക്ഷണിക്കും. ഏതെങ്കിലും പാർട്ടിയേയോ ഏതെങ്കിലും വിഭാഗത്തെയോ പലസ്തീൻ ഐക്യദാർഢ്യത്തിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോജിക്കാൻ കഴിയുന്ന എല്ലാവരും കക്ഷി രാഷ്ട്രീയത്തിനതീതമായി യോജിക്കുകയാണ് വേണ്ടത്. കോഴിക്കോട് റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീറാണ് പറഞ്ഞത്. അങ്ങനെ ഞങ്ങൾ ലീഗിനെ ക്ഷണിച്ചുവെന്നും അതോടെ ചിലർക്ക് ഉത്കണ്ഠയായെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അവസരവാദികളായ കോൺഗ്രസുമായി യോജിപ്പില്ല. പലസ്തീൻ ഐക്യദാർഢ്യത്തിലും സമാന നിലപാടാണെന്ന് എം വി ഗോവിന്ദൻ വിശദീകരിച്ചു.

