ഡൽഹി വായുമലിനീകരണം ഗുരുതരമായി തുടരുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. വായുഗുണനിലവാര സൂചിക ഗുരുതര നിലയായ 400-ന് മുകളിലാണ് വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ മിക്ക സ്ഥലങ്ങളിലും രേഖപ്പെടുത്തിയിരുന്നത്. ദീപാവലി ദിനത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ വ്യാപകമായി പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് വായുനിലവാരം മോശമായതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

അടുത്ത നാല് ദിവസം ഡൽഹിയിൽ കനത്ത പുകമഞ്ഞ് അനുഭവപ്പെടാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലത്തെ വിവിധ സ്ഥലങ്ങളിലെ വായുഗുണനിലവാര സൂചിക ബവാന 442, ജഹാൻഗിർപുരി 441, ദ്വാരക 416, അലിപുർ 415, ആനന്ദ് വിഹാർ 412, ഐടിഒ 412, ഡൽഹി എയർപോർട്ട് 401 എന്നിങ്ങനെയാണ്. ദീപാവലി ആഘോഷത്തിന് പിന്നാലെ തിങ്കളാഴ്ച വായുഗുണനിലവാര സൂചിക 500-ന് മുകളിൽ എത്തിയിരുന്നു.

വായുഗുണനിലവാര സൂചിക പൂജ്യത്തിനും 50-നും ഇടയിലുള്ള സാഹചര്യമാണ് മികച്ചതായി കണക്കാക്കുന്നത്. 51 മുതൽ 100 വരെയുള്ളവ തൃപ്തികരമാണ്. 101 മുതൽ 200 വരെയുള്ള കണക്ക് മിതമായ മലിനീകരണമായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണക്കാക്കുന്നത്. 201-നും 300-നുമിടയിലുള്ള മലിനീകരണത്തോത് മോശം അവസ്ഥയെയും 301-നും 401-നുമിടയിലുള്ള തോത് വളരെ മോശം അവസ്ഥയേയും സൂചിപ്പിക്കുന്നു. സംഖ്യ 400-നു മുകളിൽ കടക്കുന്നതോടെ ഗുരുതരനിലയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ഗുരുതരനിലയിലും എത്തിയെന്നാണ് വിദഗ്ധർ പറയുന്നത്.

വായുമലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സാധ്യത. സിഎൻജി, ഇലക്ട്രിക്, ബിഎസ്-6 ഡീസൽ എൻജിൻ എന്നിവയിലല്ലാതെ ഓടുന്ന ബസുകൾക്ക് ഡൽഹിയിലേക്ക് പ്രവേശനം തടയുമെന്ന വിവരം പുറത്തു വരുന്നുണ്ട്.