മണ്ഡല – മകരവിളക്ക് തീർത്ഥാടനം; ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് നട തുറന്നത്. പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുകയും ചെയ്തു. ശബരിമല ക്ഷേത്രം മേൽശാന്തിയായി പി എൻ മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി മുരളി പി ജിയുമാണ് ചുമതലയേറ്റത്.

ശബരിമല തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങളെല്ലാം സജ്ജമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. നിലയ്ക്കലിൽ ടോൾപിരിവിനായി ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തിയെന്നും മരക്കൂട്ടം മുതൽ ശരംകുത്തിവരെ ക്യൂ കോംപ്ലക്‌സിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വിശദമാക്കി.

ശബരിപീഠത്തിൽ മൊബൈൽ ചാർജ്ജ് ചെയ്യാനുള്ള സംവിധാനമുണ്ട്. സന്നിധാനത്ത് ഡൈനാമിക് ക്യൂ കൺട്രോളിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയും. നിലയ്ക്കലിൽ കണ്ടയ്‌നർ ടോയ്‌ലറ്റുകൾ ഉൾപ്പടെ 952 ടോയ്‌ലറ്റുകളുണ്ട്. പമ്പയിലും സന്നിധാനത്തും സ്ത്രീകൾക്കും കുട്ടികൾക്കും അംഗപരിമിതർക്കും ഉപയോഗിക്കാവുന്ന ടോയ്‌ലറ്റുകളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.