ദീപാവലി; ബ്രീട്ടീഷ് പ്രധാനമന്ത്രിയ്ക്ക് സമ്മാനം അയച്ച് നരേന്ദ്ര മോദി

ലണ്ടൻ: ദീപാവലി ആഘോഷിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി. ഔദ്യോഗിക ഓഫീസായ ഡൗണിങ് സ്ട്രീറ്റിൽ ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ദീപങ്ങൾ തെളിച്ച് ദീപാവലി ആഘോഷങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുൻപേ തന്നെ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ആഘോഷത്തിൽ പാർലമെന്റ് അംഗങ്ങൾ, പ്രമുഖ വ്യവസായികൾ, ബോളിവുഡ് താരങ്ങൾ, ബ്രിട്ടനിലെ വിവിധ ഇന്ത്യൻ സമൂഹങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തിരുന്നു.

പത്താം നമ്പർ ഓഫീസിന് മുന്നിൽ മൺചിരാതുകൾ തെളിച്ച് വിപുലമായാണ് കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഋഷി സുനാകിന് ദീപാവലി സമ്മാനങ്ങൾ അയച്ചിരുന്നു. കേന്ദ്രമന്ത്രി ഡോ. എസ്. ജയശങ്കറും ഭാര്യയും ഡൗണിങ് സ്ട്രീറ്റ് 10 ൽ സന്ദർശനം നടത്തി ആശംസകളും സമ്മാനങ്ങളും ഋഷി സുനാകിന് കൈമാറി. ഗണപതിയുടെ വിഗ്രഹവും ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് രേഖപ്പെടുത്തിയ ക്രിക്കറ്റ് ബാറ്റുമാണ് ഋഷി സുനകിന് സമ്മാനമായി ലഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകളും അദ്ദേഹം കൈമാറി. ഋഷി സുനകിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എസ് ജയശങ്കർ വ്യക്തമാക്കി.