ന്യൂഡൽഹി: മണിപ്പൂരിൽ പ്രവർത്തിക്കുന്ന 9 മെയ്‌തെയ് തീവ്രവാദ സംഘങ്ങളുടെ നിരോധനം ദീർഘിപ്പിച്ച് ഉത്തരവിട്ട് കേന്ദ്ര സർക്കാർ. അഞ്ചുവർഷത്തേക്കുകൂടിയാണ് നിരോധനം കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചാണ് നടപടി. മണിപ്പുരിനെ ഇന്ത്യയിൽ നിന്നു വേർപെടുത്തി പ്രത്യേക രാജ്യമാക്കണമെന്നതാണ് ഈ സംഘടനകളുടെ നിലപാട്.
രാജ്യദ്രോഹ പ്രവർത്തനങ്ങൾ, സുരക്ഷാ സേനയ്ക്കു നേർക്കു നടത്തിയ ആക്രമണങ്ങൾ തുടങ്ങിയവയുടെ പേരിലാണ് നിരോധനം നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
നിരോധനം നീട്ടിയ സംഘടനകൾ ഏതൊക്കെയാണെന്ന് നോക്കാം:
പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)
റെവലൂഷണറി പീപ്പിൾസ് ഫ്രണ്ട് (ആർപിഎഫ്)
യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്)
മണിപ്പുർ പീപ്പിൾസ് ആർമി (എംപിഎ)
ദി പീപ്പിൾസ് റെവലൂഷനറി പാർട്ടി ഓഫ് കാങ്ലെയ്പാക് (പിആർഇപിഎകെ)
കാങ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടി (കെസിപി)
കാങ്ലെയ് യാവോൾ കൻബ ലുപ് (കെവൈകെഎൽ)
ദി കോഓർഡിനേഷൻ കമ്മിറ്റി (കോർകോം)
ദി അലിയൻസ് ഫോർ സോഷ്യലിസ്റ്റ് യൂണിറ്റ് കാങ്ലെയ്പാക് (എഎസ്യുകെ)

