മൈറ്റി ഓസീസിനെ തൊടണമെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടണം

2003ലെ ലോകകപ്പില്‍ ആദ്യ മത്സരം തോറ്റ ശേഷം തുടര്‍ച്ചയായി എട്ട് ജയങ്ങള്‍ നേടി ഫൈനലിലെത്തിയ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് ഒമ്പത് തുടര്‍ ജയങ്ങളോടെ രോഹിത്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ മറികടന്നത്. എന്നാൽ തുടർ ജയങ്ങളിലെ ഒന്നാം സ്ഥാനത്ത്‌ 11 തുടർ ജയങ്ങൾ നേടിയിട്ടുള്ള ഓസ്ട്രേലിയയാണ്. അതും 2003ലും 2007 ലുമായിട്ട് രണ്ട് തവണ.ലോകകപ്പില്‍ ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യ റെക്കോര്‍ഡിട്ടെങ്കിലും ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് ഇപ്പോഴും രണ്ട് ജയങ്ങള്‍ അകലെയാണ്. ഇത്തവണ ഇന്ത്യക്കൊരു അവസരമുണ്ട്.അതിന് പക്ഷെ ആദ്യം സെമിയിലും പിന്നെ ഫൈനലിലും ജയിച്ച് കിരീടം നേടണം. എന്നാല്‍ 11 തുടര്‍ ജയങ്ങളെന്ന ഓസീസ് റെക്കോര്‍ഡിന് ഒപ്പമെത്താം.


ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചതോടെ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പം ഇന്ത്യയെത്തി. 24 ജയങ്ങളാണ് ഇന്ത്യ ഈ വര്‍ഷം നേടിയത്. 1998ലും ഇന്ത്യ ഒരു വര്‍ഷം 24 ജയങ്ങള്‍ നേടിയിരുന്നു. 2013ല്‍ 22 ജയങ്ങള്‍ നേടിയതാണ് അതിന് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ലോകകപ്പ് സെമി ബുധനാഴ്ച നടക്കും. ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ലോകകപ്പ് ഫൈനല്‍.