തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്‌തെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് ഇന്ന് വിധി പറയും. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് കേസിൽ വിധി പറയുന്നത്. മൂന്നംഗ ബെഞ്ചാണു വിധി പറയുന്നത്.
2018 സെപ്റ്റംബർ ഏഴിനാണു ഹർജി ഫയൽ ചെയ്തത്. ചട്ടം ലംഘിച്ചു ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിയെയും ഒന്നാം പിണറായി വിജയൻ സർക്കാരിലെ 18 മന്ത്രിമാരെയും എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. ആർ എസ് ശശികുമാറാണ് ഹർജിക്കാരൻ.
പരാതിയിൽ തീരുമാനമെടുക്കുന്നതിനായി മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഡിവിഷൻ ബെഞ്ചിലുണ്ടായ ഭിന്നവിധിയെ തുടർന്നായിരുന്നു ഇത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന ഹർജിയിലും വിധി പറയും.

