സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദി ഇസ്രയേൽ; സൗദി അറേബ്യ

റിയാദ്: ഇസ്രയേലിന് മുന്നറിയിപ്പ് നൽകി അറബ് – ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി. സൗദിയിലാണ് ഉച്ചകോടി ചേർന്നത്. മാനുഷിക ദുരന്തം തടയുന്നതിൽ യു എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.

സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദി ഇസ്രയേലാണെന്നും സൗദി ആരോപിച്ചു. കിഴക്കൻ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീൻ എന്നത് അംഗീകരിക്കുക മാത്രമാണ് മേഖലയിലെ സമാധാനത്തിന് ഒരേയൊരു പരിഹാരമെന്ന നിലപാടാണ് സൗദി മുന്നോട്ടുവെയ്ക്കുന്നത്.

അറബ് ലീഗ് – ഇസ്ലാമിക് കോർഡിനേഷൻ യോഗങ്ങൾ പ്രത്യേകം ചേരുന്നത് ഒഴിവാക്കിയാണ് അടിയന്തര പ്രാധാന്യമുള്ള അറബ് ലീഗ് – ഇസ്ലാമിക് കോർഡിനേഷൻ ഉച്ചകോടി സൗദി വിളിച്ചു ചേർത്തത്. സൗദിയുമായി നയതന്ത്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ചർച്ചകൾക്കിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം അൽ റയീസി സൗദിയിലെത്തിയിരുന്നു.