രാജകുടുംബാംഗങ്ങൾ പങ്കെടുക്കാത്തത് അനാരോഗ്യം മൂലം; വിശദീകരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്‌

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ തിരുവിതാംകൂർ രാജകുടുംബം പിന്മാറിയതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തി ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍. അനാരോഗ്യം മൂലമാണ് ചടങ്ങിൽ രാജകുടുംബാംഗങ്ങൾ പങ്കെടുക്കാത്തത് എന്ന് കെ അനന്തഗോപൻ വ്യക്തമാക്കി.

രണ്ടുപേർക്കും സുഖമില്ലെന്നാണ് അറിയിച്ചത്. വിവാദമായ നോട്ടീസ് തയ്യാറാക്കിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അമ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ചിത്തിര തിരുനാൾ രാജാവിന്റെ പ്രതിമ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സ്ഥാപിതമായത്. ദീർഘനാളായി മോശമായി കിടക്കുന്ന അവസ്ഥയിലായിരുന്നു പ്രതിമയും പരിസരവും. അത് നവീകരിച്ച നല്ല നിലയിൽ നിലനിർത്തുക എന്നത് മാത്രമാണ് ദേവസ്വം ബോർഡ് ഉദ്ദേശിച്ചത്. എന്നാൽ ഇത് സംബന്ധിച്ച നോട്ടീസിലെ ആശയങ്ങൾ തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ രാജ്ഞിമാരായ പൂയം തിരുനാൾ ഗൗരി പാർവതി ഭായിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയും ചടങ്ങിൽ ഭദ്രദീപം കൊളുത്തും എന്നാണ് നോട്ടീസിൽ ഉണ്ടായിരുന്നത്. എന്നാൽ നോട്ടീസിലെ പദപ്രയോഗങ്ങൾ വിവാദമായതോടെ തങ്ങൾ പങ്കെടുക്കില്ലെന്ന് ഇവർ അറിയിക്കുകയായിരുന്നു.

നോട്ടീസ് തയ്യാറാക്കിയത് ദേവസ്വം ബോർഡിന്റെ സാംസ്കാരിക പുരാവസ്തു വിഭാഗം മേധാവി വി മധുസൂദനൻ നായരാണ്. നാടുവാഴ്ത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്കരിക്കുന്നു എന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. തുടർന്ന് ദേവസ്വം ബോർഡ് നോട്ടീസ് പിൻവലിക്കുകയായിരുന്നു.

വിവാദ നോട്ടീസ് പരിശോധിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. യാദൃശ്ചികമായാണ് പിഴവ് സംഭവിച്ചതെന്നും ദുരുദ്ദേശത്തോടെ തയ്യാറാക്കിയത് അല്ലെന്നും ദേവസ്വം ബോർഡ് വിശദമാക്കി.