വെല്ലുവിളികൾ നേരിടുമ്പോൾ പിന്തുണയുമായി ചുറ്റുമുള്ളവരെത്തുന്നത് മനുഷ്യസ്നേഹത്തിന്റെ പ്രതിഫലനം; മുഖ്യമന്ത്രി

തിരുവനന്തപുരം: വെല്ലുവിളികൾ നേരിടുമ്പോൾ പിന്തുണയും സാന്ത്വനവുമായി ചുറ്റുമുള്ളവരെത്തുന്നത് ഉന്നതമായ മനുഷ്യസ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു രണ്ടുവർഷം മുൻപ് കോട്ടയത്തെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടൽ. അന്ന് കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സി പി ഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിർമ്മിച്ചുനൽകിയ 25 വീടുകൾ ഇന്ന് കൈമാറ്റം ചെയ്യാനായത് ഏറെ ഹൃദ്യമായ അനുഭവമായെന്ന് അദ്ദേഹം പറഞ്ഞു.

ദുരന്തമുണ്ടായ ഘട്ടത്തിൽ തന്നെ സർക്കാരും രാഷ്ട്രീയ പാർട്ടികളും സന്നദ്ധസംഘടനകളും കൂട്ടായ ഇടപെടലുകളിലൂടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അതിനുശേഷമാണ് 25 കുടുംബങ്ങൾക്ക് വീട് വച്ചു നൽകാൻ സിപിഎം തീരുമാനിച്ചത്. അതിനായി പാർട്ടി അംഗങ്ങൾ, തൊഴിലാളി സംഘടനകൾ, സർവീസ് സംഘടനകൾ എന്നിവയിൽ നിന്നൊക്കെ ധനം സമാഹരിച്ചു. നിർമ്മാണത്തിനുവേണ്ട തുക സ്വരൂപിച്ചപ്പോഴാണ് വീടുവച്ചു നൽകുന്നതിനായി കണ്ടെത്തിയ സ്ഥലത്തെ ചില പാരിസ്ഥിതിക പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിന്റെ ഫലമായി സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി പരിധിയിലെ പാർടി അംഗങ്ങളിൽ നിന്ന് പിരിവെടുത്ത് ഭവനനിർമ്മാണത്തിനായി വേണ്ടിയിരുന്ന രണ്ട് ഏക്കറിലധികം ഭൂമി വില കൊടുത്തു വാങ്ങി. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഏറ്റെടുത്തു നടപ്പിലാക്കിയ വിപുലമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ 25 വീടുകൾ യാഥാർത്ഥ്യമായത്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തമുഖങ്ങളിൽ വലിയ നഷ്ടങ്ങൾ സഹിക്കേണ്ടി വരുന്നവരെ ചേർത്തുനിർത്താനും അവരെ കൈപ്പിടിച്ചുയർത്താനും സാധിക്കുന്നവരാണ് നാടിന്റെ യഥാർത്ഥ നായകർ. മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് സിപിഎം ഇതുവഴി ഉയർത്തിപ്പിടിക്കുന്നത്. ഭാവനരഹിതരില്ലാത്ത നാടായി കേരളത്തെ മാറ്റാൻ വിവിധ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ഏഴര വർഷംകൊണ്ട് നാലു ലക്ഷത്തോളം കുടുംബങ്ങൾക്കാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ വഴി വീട് ലഭ്യമാക്കിയത്. സർക്കാരിന്റെ ഈ ജനകീയ വികസനനടപടികൾക്ക് കൂട്ടിക്കലിൽ യാഥാർത്ഥ്യമായ 25 വീടുകൾ കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.