ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഗൗരവമേറിയ വിഷയം; കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്നങ്ങൾ തുടരവേ 40 നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ ഇന്ത്യ എടുത്തുകളഞ്ഞത് വിയന്ന കൺവെൻഷന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. കനേഡിയൻ മണ്ണിലെ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തിൽ ഇന്ത്യയുമായി ക്രിയാത്മക സഹകരണമാണ് ആഗ്രഹിക്കുന്നത്. നിയമവാഴ്ചയ്ക്കുവേണ്ടി തങ്ങൾ പരമാവധി നിലകൊള്ളും. തുടക്കംമുതലേ ആഴത്തിൽ ആശങ്കയുള്ള ശരിയായ ആരോപണങ്ങളാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. സംഭവം ഉള്ളിലേക്കിറങ്ങി പരിശോധിക്കാനും ഗൗരവമായി എടുക്കാനും ഇന്ത്യൻ സർക്കാരിനോടും ബന്ധപ്പെട്ടവരോടും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ വിയന്ന കൺവെൻഷൻ ലംഘിക്കുകയും 40 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ എടുത്തുകളയുകയും ചെയ്തതിൽ തങ്ങൾ നിരാശരാണെന്നും ട്രൂഡോ അറിയിച്ചു.

അന്താരാഷ്ട്ര നിയമങ്ങളും ജനാധിപത്യത്തിന്റെ പരമാധികാരവും ലംഘിക്കുന്ന വിഷയത്തിൽ ഇടപെടാൻ അമേരിക്ക അടക്കമുള്ള സുഹൃദ്രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളിത് ഗൗരവമായാണ് കാണുന്നത്. അനന്തരഫലങ്ങളേക്കുറിച്ച് ചിന്തിക്കാതെ വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാൽ ലോകം മുഴുവൻ അപകടത്തിലാകും. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി തുടർന്നും ഒന്നിച്ച് പ്രവർത്തിക്കും. ഇപ്പോൾ ഒരു യുദ്ധത്തിനല്ല ആഗ്രഹിക്കുന്നത്. കനേഡിയൻ മണ്ണിൽ ഞങ്ങളുടെ പൗരൻ കൊലപ്പെട്ടതിന് പിന്നിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർ ഉണ്ടെന്ന് വിശ്വസിക്കാൻ തക്കതായ കാരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.