അതിഥി സൽക്കാര ചെലവുകളിലടക്കം വൻവർധന വേണം; സർക്കാരിനോട് ആവശ്യപ്പെട്ട്​ ​ഗവർണർ

തിരുവനന്തപുരം: അതിഥി, സത്ക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. ആറ് ഇനങ്ങളിലാണ് 36 ഇരട്ടി വരെ വർധന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സർക്കാർ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്,

അതിഥികൾക്കായുള്ള ചെലവുകൾ ഇരുപത് ഇരട്ടി വർധിപ്പിക്കുക, വിനോദ ചെലവുകൾ 36 ഇരട്ടിയാക്കുക, ടൂർ ചെലവുകൾ ആറര ഇരട്ടി വർധിപ്പിക്കുക, കോൺട്രാക്ട് അലവൻസ് ഏഴ് ഇരട്ടി ഉയർത്തുക, ഓഫീസ് ചെലവുകൾ ആറേകാൽ ഇരട്ടി വർധിപ്പിക്കുക, ഓഫീസ് ഫർണിച്ചറുകളുടെ നവീകരണ ചെലവ് രണ്ടര ഇരട്ടി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഗവർണർ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഗവർണറുടെ ഈ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവർണേഴ്സ് അലവൻസസ് ആൻഡ് പ്രിവിലേജ് റൂൾസ് 1987 അനുസരിച്ചാണ്. ഈ ചട്ടങ്ങൾ അനുസരിച്ച് ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രുപയാണ്. എന്നാൽ, രാജ്ഭവനിൽനിന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് വർഷം 2.60 കോടി രൂപ നൽകണമെന്നാണ്.