സംസ്ഥാന സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുമ്പോൾ കർഷകനടക്കം ബുദ്ധിമുട്ടിൽ; ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുമ്പോൾ കർഷകനടക്കം ബുദ്ധിമുട്ടിലാണെന്ന് ഗവർണർ വ്യക്തമാക്കി. കുട്ടനാട്ടിലെ കർഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് പെൻഷൻ ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. എന്നാൽ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് വൻതുക ചെലവിടുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി രണ്ട് വർഷം മാത്രം സർവീസിലിരുന്നാൽ അവർ പെൻഷൻ അനുവദിക്കുകയാണ്. ഈ നിലയിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആഘോഷങ്ങൾക്കായി പണം ധൂർത്തടിക്കുന്നു. പാവപ്പെട്ട കർഷകനും സ്ത്രീകളും ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്. സർക്കാർ ഏതിനാണ് മുൻഗണന നൽകുന്നതെന്ന് നിങ്ങൾക്ക് കാണാം. രാജ്ഭവനിൽ അധിക ചെലവുണ്ടെങ്കിൽ എന്തുകൊണ്ട് സർക്കാർ അത് നിർത്തുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. താൻ അവരോട് യാചിക്കുന്നില്ല. രാജ്ഭവനിൽ അധികച്ചെലവാണെങ്കിൽ സർക്കാർ അത് നിർത്തലാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.