കണ്ണൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾ ന്യായീകരിക്കേണ്ട ഉത്തരവാദിത്തം ആർക്കും ഇല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. ഉപ്പു തിന്നവർ വെള്ളം കുടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സഹകരണ ബാങ്കുകൾക്കെതിരെ ഇപ്പോൾ നടക്കുന്ന പ്രചരണം ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടുപോയാൽ എല്ലാം മാങ്ങയും പോക്കാണെന്നരീതിയിലുള്ള പ്രചരണം ശരിയല്ലയെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ജനങ്ങളുടേതാണ് സഹകരണ സ്ഥാപനങ്ങൾ. ജനങ്ങളുടെതാണ് അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം. പാനൂർ കോ ഓപ്പറേറ്റീവ് ബിൽഡിങ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ സഹകരണ ഇലക്ട്രിക്കൽ, പ്ലംബിങ് ആൻഡ് സാനിറ്ററീസിന്റെ കടവത്തൂർ ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കരുവന്നൂർ ബാങ്കിൽ നടന്ന ക്രമക്കേടുകൾ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഏറ്റ കറുത്തപാടാണ്. കേരളത്തിലെ വിരലിൽ എണ്ണാവുന്ന സ്ഥാപനങ്ങളിൽ നടന്ന തെറ്റായ ശീലത്തിന്റെ ഭാഗമായി സഹകരണ മേഖല ആകെ മോശമാണെന്ന് പ്രചരിപ്പിക്കുന്ന ആളുകൾ എന്തു കൊണ്ടാണ് ന്യൂജനറേഷൻ സ്ഥാപങ്ങളിലും നാഷണലൈസ്ഡ് സ്ഥാപനങ്ങളിലും നടക്കുന്ന കൊള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

