ന്യൂഡൽഹി: ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചതിന് എതിരെ അപ്പീൽ നൽകി ഇന്ത്യ. ഇന്ത്യൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥരായ എട്ടുപേരെയാണ് ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മലയാളി ഉൾപ്പെടെയുള്ളവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഖത്തറിലെ കോടതിയിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചു. കേന്ദ്രവിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വിധിയുടെ പകർപ്പ് നിയമസഹായ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ഖത്തർ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നിയമപരമായ സഹായം നൽകുന്നതിന് ഖത്തറിന്റെ ഔദ്യോഗിക അനുമതി ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ഖത്തർ ഭരണകൂടം, പ്രതികളുടെ കുടുംബം എന്നിവരുമായി കേന്ദ്രസർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വധശിക്ഷയുമായി ബന്ധപ്പെട്ട് ഖത്തറിൽ നിന്ന് ഔദ്യോഗിക വിവരം ലഭിച്ച ഉടൻ തന്നെ ഇവരുടെ മോചനത്തിനായി ഇന്ത്യ നയതന്ത്ര തലത്തിൽ നടപടി ആരംഭിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ടുപേരും ദോഹ കേന്ദ്രമായുള്ള ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസ് എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരാണ്. ഇന്ത്യൻ നാവികസേനയിൽ സുപ്രധാന പദവികളിലിരുന്ന ഇവർ വിരമിച്ച ശേഷമാണ് ഖത്തറിൽ ജോലിയിൽ പ്രവേശിച്ചത്. ഇവരെ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഖത്തർ പോലീസ് അറസ്റ്റ് ചെയ്തത്.

