കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ പിടിച്ചുവയ്ക്കുന്നതിനെക്കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണത്തോടു പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ വിഷയം സുപ്രീം കോടതി പരിഗണിച്ചിട്ടില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി.
സുപ്രീം കോടതി എന്തു പറഞ്ഞാലും അത് എല്ലാവർക്കും ബാധകമാണ്. അത് അനുസരിക്കാൻ താൻ ബാധ്യസ്ഥനാണ്. പൊതുഖജനാവിനു ചെലവു വരുന്ന ബിൽ അവതരിപ്പിക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി തേടണമെന്നാണ് ഭരണഘടന നിർദേശിക്കുന്നത്. സർവകലാശാലാ ബിൽ കൊണ്ടുവന്നപ്പോൾ സർക്കാർ അനുമതി തേടിയില്ല. ഇത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനാ ലംഘനത്തിന് താൻ കൂട്ടുനിൽക്കണമെന്നാണ് പറയുന്നത്. കലാമണ്ഡലത്തിൽ നിയമിച്ച പുതിയ ചാൻസലർ ഇപ്പോൾ വേതനം ആവശ്യപ്പെടുകയാണെന്നും ഗവർണർ അറിയിച്ചു.

