നവകേരള സദസ്; പണം ചെലവഴിക്കാൻ സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയതായി റിപ്പോർട്ട്

തിരുവനന്തപുരം: നവകേരള സദസിന് പണം ചെലവഴിക്കാൻ സഹകരണ രജിസ്ട്രാർ സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയതായി റിപ്പോർട്ട്. നവകേരള സദസിലേക്ക് അതത് ജില്ലകളിൽ മന്ത്രിമാർ എത്തുമ്പോൾ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവ് കണ്ടെത്താൻ വേണ്ടി സഹകരണ സംഘങ്ങൾ സഹകരിക്കണമെന്ന നിർദേശവുമായി ഉത്തരവ് പുറത്തിറക്കിയെന്നാണ് വിവരം.

സഹകരണ സംഘങ്ങളുടെ ശേഷി അനുസരിച്ച് പരസ്യത്തിലേക്ക് ചെലവഴിക്കുന്ന തുക നവകേരള സദസിന്റെ നടത്തിപ്പിനുവേണ്ടി ചിലവഴിക്കണം എന്ന നിർദേശമാണ് ഉണ്ടായതെന്നാണ് സൂചന. സഹകരണ രജിസ്ട്രാർ ഉത്തരവിട്ടത് അതത് സംഘാടന സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾക്ക് 50,000 രൂപ വരേയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും 1,00,000 രൂപ വരേയും കോർപ്പറേഷനുകൾക്ക് 2,00,000 രൂപ വരേയും ജില്ലാ പഞ്ചായത്തുകൾക്ക് 3,00,000 രൂപ വരേയും തനതുഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതി അനുമതി നൽകിക്കൊണ്ടാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനപ്രദേശമോ, ഭാഗമോ ഉൾപ്പെടുന്ന ഏതു നിയോജകമണ്ഡലത്തിലെ നവകേരളസദസ്സിനു വേണ്ടിയും തുക വിനിയോഗിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.