പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; റാലി സംഘടിപ്പിക്കാൻ കോൺഗ്രസ്

കോഴിക്കോട്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുന്നു. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 23 ന് വൈകുന്നേരം 4.30-ന് കോഴിക്കോട് കടപ്പുറത്ത് വൻ റാലി സംഘടിപ്പിക്കുമെന്നാണ് സുധാകരൻ വ്യക്തമാക്കിയിട്ടുള്ളത്. എല്ലാ മതേതര – ജനാധിപത്യ വിശ്വാസികളേയും റാലിയിൽ അണിനിരത്തുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റാലിയുടെ വിജയത്തിനും മറ്റു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സമിതിയും രൂപീകരിച്ചു. കോഴിക്കോട് എം പി എം.കെ. രാഘവനാണ് സമിതിയുടെ ചെയർമാൻ. ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാറാണ് സമിതി കൺവീനർ. നിരപരാധികളായ പാലസ്തീൻകാരെയാണ് അവരുടെ മണ്ണിൽ ഇസ്രയേൽ അധിനിവേശ ശക്തി കൂട്ടക്കുരുതി നടത്തുന്നതെന്ന് സുധാകരൻ പറഞ്ഞു. പിറന്ന മണ്ണിൽ ജീവിക്കാനുള്ള പാലസ്തീൻ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാൻ കോൺഗ്രസിനാവില്ല. ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിങ് വരെയുള്ള കോൺഗ്രസ് സർക്കാരുകൾ രാജ്യം ഭരിച്ചപ്പോൾ അന്തസ്സോടെയും സമാധാനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള പാലസ്തീൻ ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നൽകിയ പാരമ്പര്യമാണുള്ളത്. ഇതുതന്നെയാണ് കോൺഗ്രസ് എക്കാലവും ഉയർത്തിപ്പിടിക്കുന്ന നിലപാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഇന്നുവരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടംമറിച്ച് പക്ഷം ചേർന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപനവും ലജ്ജാകരമാണ്. കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിനും തിരഞ്ഞെടുപ്പ് ലാഭത്തിനുമായി പാലസ്തീൻ ജനതയുടെ ദുർവിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദികൂടിയാകും കോൺഗ്രസ് സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിയെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.