കണ്ടല സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ കസ്റ്റഡിയിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഭാസുരാംഗനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇതിനൊടുവിലാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്്.

സിപിഐ നേതാവാണ് ഭാസുരാംഗൻ. കഴിഞ്ഞ 30 വർഷത്തിലേറെയായി ഭാസുരാംഗൻ ബാങ്ക് പ്രസിഡന്റായിരുന്നു. അടുത്തിടെയാണ് ബാങ്ക് ഭരണസമിതി രാജിവച്ചത്. ബാങ്കിൽ ഇപ്പോൾ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ്. നൂറു കോടിയിലധികം രൂപയുടെ വായ്പാതട്ടിപ്പാണ് ബാങ്കിൽ നടന്നിട്ടുള്ളത്. കണ്ടല സർവീസ് സഹകരണ ബാങ്കിൽ ജാമ്യവസ്തുവിന്റെ മൂല്യനിർണയം നടത്താതെയും വില കൂട്ടിക്കാണിച്ചും അനധികൃത വായ്പ അനുവദിച്ച് കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നാണു സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഭാസുരാംഗൻ തന്നെ പ്രസിഡന്റായ മാറനല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിനു നിയമം ലംഘിച്ച് വായ്പയായും ഓഹരി വാങ്ങിയും കോടികൾ നൽകിയെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

ഭരണസമിതിയിലെ പ്രമുഖരുടെ ബന്ധുക്കൾക്കു നിസാര ഈടിന്മേൽ ഭീമമായ തുക വായ്പ നൽകിയശേഷം വൻ പലിശയ്ക്ക് അതേ പണം തന്നെ നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.