കണ്ണൂർ: എംവിആർ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പിന്മാറിയ സംഭവത്തിൽ പ്രതികരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ലീഗിനെ വിലക്കിയത് കോൺഗ്രസാണെന്നും അതിനാൽ ഈ പരിപാടിയിലും ലീഗിനെ വിലക്കിയത് കോൺഗ്രസാണെന്ന സംശയം പ്രബലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയത്തിനതീതമായ പ്രശ്നമാണ് സഹകരണ മേഖലയിലെ പ്രശ്നം. ജനങ്ങൾക്കു സഹായം നൽകുന്ന മേഖലയാണ് സഹകരണ മേഖല. കേരള വികസനത്തിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിലാണ് എംവിആർ അനുസ്മരണ പരിപാടിയിൽ സെമിനാർ നടക്കുന്നത്. കേന്ദ്രസർക്കാർ സഹകരണ മേഖലയ്ക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങളിൽ കുഞ്ഞാലിക്കുട്ടിയും ലീഗും ഇതിനകം തന്നെ പ്രതികരിച്ചതാണ്. ആ പ്രതികരണം തന്നെയാണ് ഈ സെമിനാറിൽ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അവരുടെ പാർട്ടി തീരമാനിച്ചാൽ അവർക്ക് പങ്കെടുക്കാൻ സാധിക്കില്ലല്ലോ. ബാക്കി കാര്യങ്ങളെല്ലാം ലീഗിനോടും കുഞ്ഞാലിക്കുട്ടിയോടും ചോദിക്കണമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

