സിനിമാ നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി: മിമിക്രി താരവും പ്രശസ്ത സിനിമാ നടനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്നായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.

നാളെ രാവിലെ 11 മണിയോടെ മട്ടാഞ്ചേരിയിൽ ഫനീഫിന്റെ സംസ്‌കാരം നടക്കും. നിരവധി സിനിമകളിൽ അദ്ദേഹം കോമഡി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. നൂറ്റി അൻപതിലധികം സിനിമകളിൽ ഹനീഫ് അഭിനയിച്ചു. ടെലിസീരിയലുകളിലും അദ്ദേഹം വേഷമിട്ടു.

1990 ൽ പുറത്തിറങ്ങിയ ചെപ്പ് കിലുങ്ങണ ചങ്ങാതിയാണ് അദ്ദേഹം അഭിനയിച്ച ആദ്യ സിനിമ. മട്ടാഞ്ചേരി സ്വദേശികളായ ഹംസയുടെയും സുബൈദയുടെയും മകനാണ് ഹനീഫ്. നാടകത്തിൽ അഭിനയിച്ചതിന് ശേഷമാണ് ഹനീഫ് കലാഭവനിലേക്ക് എത്തുന്നത്.

വാഹിദയാണ് ഹനീഫിന്റെ ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ തുടങ്ങിയവരാണ് മക്കൾ.