അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം

അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം. ഏഴിന് 91 എന്ന നിലയില്‍ നില്‍ക്കെ മാക്‌സ്‌വെല്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ചുറിയാണ് (201) ഓസീസിന് രക്ഷയായത്. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം.രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) നവീന്‍ മടക്കി. വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖിലിന് ക്യാച്ച്. മൂന്നാമനായി തിരിച്ചെത്തിയ മിച്ചല്‍ മാര്‍ഷ് ഓസീസിന് പ്രതീക്ഷ നല്‍കി.

11 പന്തില്‍ 24 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് വീതം സിക്സും ഫോറും മാര്‍ഷിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. എന്നാല്‍ നവീന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ പതറി. ഡേവിഡ് വാര്‍ണറെ (18) അസ്മതുള്ള ഒമര്‍സായ് ബൗള്‍ഡാക്കി. പിന്നാലെ ജോഷ് ഇന്‍ഗ്ലിസ് (0) സ്ലിപ്പില്‍ ഇബ്രാഹിം സദ്രാന് ക്യാച്ച്. 128 പന്ത് നേരിട്ട മാക്‌സി 10 സിക്‌സു 21 ഫോറും നേടി. മോശം തുടക്കമായിരുന്നു അഫ്ഗാന് ലഭിച്ചത്. 38 റണ്‍സിനിടെ റഹ്‌മാനുള്ള ഗുര്‍ബാസിനെ (21) അഫ്ഗാന് നഷ്ടമായി.

ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റഹ്‌മത്ത് ഷാ (30) സദ്രാന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് റഹ്‌മത്ത് മടങ്ങി.ഗ്ലെന്‍ മാക്സ്വെല്ലിനായിരുന്നു വിക്കറ്റ്. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമര്‍സായ് (22), മുഹമ്മദ് നബി (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല.നബി മടങ്ങുമ്പോള്‍ 45.3 ഓവറില്‍ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. പിന്നീടായിരുന്നു റാഷിദിന്റെ നിര്‍ണായക പ്രകടനം. സദ്രാന്‍ ഇതിനിടെ സെഞ്ചുറി പൂര്‍ത്തിയാക്കി.മൂന്ന് സിക്സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെ 129 റണ്‍സെടുത്തു.റാഷിദ് – സദ്രാന്‍ സഖ്യം 58 റണ്‍സ് നേടി.