ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്; ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് വ്യക്തമാക്കി ഹൈക്കോടതി. മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒബ്‌സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി.

സർക്കാർ കോടതിയിൽ ദേവസ്വം ബോർഡിന്റെ നിലപാടിനെ പിന്തുണച്ചു. അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലെന്നായിരുന്നു കോടതി അറിയിച്ചത്. ശബരിമല തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത് തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നായിരുന്നു ഉയർന്ന ആരോപണം.

അതേസമയം, മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി നാളെ പരിഗണിക്കും. ശബരിമല മേൽശാന്തിയായി പി എൻ മഹേഷിനെയും മാളികപ്പുറം മേൽശാന്തിയായി പി ജി മുരളിയെയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത് കഴിഞ്ഞ ഒക്ടോബർ എട്ടിനാണ്.