അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി

അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച് കൊല ചെയ്ത കേസിലെ പ്രതി അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. സംസ്ഥാന സര്‍ക്കാര്‍, ആലുവ ജയില്‍ അധികൃതര്‍, ജില്ലാ പ്രൊബേഷനറി ഓഫീസര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്. മുദ്രവെച്ച കവറിലാണ് അസ്ഫാക് ആലത്തിന്‍റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനിടെ ഇരയുടെ കുടുംബവും കോടതിയിലെത്തി.

അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയതിനൊപ്പം പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. കുറ്റക്കാരനെന്ന് വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലെന്നും 100 ദിവസം പ്രതിയിൽ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും നേരത്തെ പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതോടെ നാളെയായിരിക്കും കേസിന്‍റെ ശിക്ഷാവിധിയിലെ വാദം കേള്‍ക്കുക.

അസ്ഫാക് ആലത്തിന് വധശിക്ഷ നല്‍കണമെന്ന് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലെ തന്‍റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നുമായിരുന്നു കുട്ടിയുടെ പിതാവിന്‍റെ പ്രതികരണം.