കെ റെയിൽ; തുടർ ചർച്ചകൾക്ക് നിർദ്ദേശം നൽകി റെയിൽവെ

തിരുവനന്തപുരം: കെ റെയിലുമായി തുടർ ചർച്ചകൾക്ക് നിർദ്ദേശം നൽകി റെയിൽവെ ബോർഡ്. സിൽവർലൈൻ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് വ്യക്തമാക്കി റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്.

ഭൂമിയുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് ദക്ഷിണ റെയിൽവേ നൽകിയരുന്നത്. ഭൂമിയുടെ വിനിയോഗം ഉൾപ്പടെയുള്ള എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയ വിനിമയം നടത്തണണെന്ന് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് നിർദ്ദേശിച്ചു.

സിൽവർ ലൈനുമായി ബന്ധപ്പെട്ട വിഷയം അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കണമെന്നാണ് റെയിൽവേ മാനേജർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ചർച്ചകൾക്ക് ശേഷം എത്രയും വേഗം വിവരങ്ങൾ റെയിൽവേ ബോർഡിനെ അറിയിക്കണമെന്ന ആവശ്യവും കത്തിലുണ്ട്. നേരത്തെ സിൽവർ ലൈനുമായി ബന്ധപ്പെട്ട് റെയിൽവേ ഭൂമിയിൽ കെ റെയിലും ദക്ഷിണ റെയിൽവേയും സംയുക്തമായി സർവേ നടത്തിയിരുന്നു.