വെടിക്കെട്ട്; സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഭാഗികമായി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഭാഗികമായി റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവിൽ ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തി. രാത്രി 10 മുതൽ രാവിലെ 6 മണിവരെയുള്ള സമയത്ത് നിരോധനം സുപ്രീം കോടതി ഏർപ്പെടുത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവിൽ വ്യക്തത വരുത്തിയത്. ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഈ നിരോധനം നിലനിൽക്കുമെന്നും എന്നാൽ ഓരോ ആരാധനാലയങ്ങളുടെയും സാഹചര്യം പരിഗണിച്ച് സർക്കാരിന് വെടിക്കെട്ടിന് അനുമതി നൽകാമെന്നും കോടതി പറഞ്ഞു. തൃശൂർ പൂരത്തിന് വെട്ടിക്കെട്ട് നടത്താമെന്നുള്ള സുപ്രീം കോടതിയുടെ പ്രത്യേക വിധിയും കോടതി ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

അതേസമയം, എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങൾ പിടിച്ചെടുക്കാനുള്ള സിംഗിൾ ബെഞ്ച് നിർദേശവും റദ്ദാക്കിയിട്ടുണ്ട്.