കണ്ണട വാങ്ങാൻ 30500 രൂപ പൊതുഖജനാവിൽ നിന്നും ചെലവഴിച്ചു; ചോദ്യത്തിന് മറുപടി നൽകാതെ ആർ ബിന്ദു

തിരുവനന്തപുരം: കണ്ണട വാങ്ങാൻ ചെലവായ 30500 രൂപ പൊതുഖജനാവിൽ നിന്നും അനുവദിച്ചതിനോട് പ്രതികരിക്കാൻ തയ്യാറാകാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലായാിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. മാദ്ധ്യമ പ്രവർത്തകരുടെ ഭാഗത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടായതോടെ മന്ത്രി മൈക്ക് ഓഫ് ചെയ്തു.

മന്ത്രി കണ്ണടവാങ്ങിയത് കഴിഞ്ഞ ഏപ്രിലിലാണ്. അപ്പോൾത്തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാൻ പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും പണം ലഭിച്ചിരുന്നില്ല, സാമ്പത്തിക പ്രതിസന്ധികാരണമായിരുന്നു ഇത്. ഇതിനെക്കുറിച്ച് പരാതി ഉയർന്നതോടെ മുഖ്യമന്ത്രി ഇടപെട്ട് പണം അനുവദിക്കുന്നത് വേഗത്തിലാക്കിയെന്നാണ് പുറത്തു വരുന്ന വിവരം. കണ്ണട വാങ്ങാൻ ചെലവായ കാശ് സർക്കാർ ചെലവിൽ ഉൾക്കാെള്ളിച്ച് എഴുതിയെടുത്തതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ക്ഷേമപെൻഷനുകൾ ഉൾപ്പടെ നൽകാൻ സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാർ ഏറെ ബുദ്ധിമുട്ടുമ്പോൾ ഇത്തരത്തിലുള്ള സമീപനങ്ങൾ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതിനെതിരെയാണ് വിമർശനം ശക്തമായത്.

കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും കണ്ണടവാങ്ങാൻ മന്ത്രിമാർ സർക്കാർ ആനുകൂല്യം ഉപയോഗിച്ചിരുന്നു. അന്ന് സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണൻ പുതിയ കണ്ണടയ്ക്ക് 49,900 രൂപ എഴുതിയെടുത്തത് ഏറെ ആക്ഷേപങ്ങൾക്ക് വഴിവെച്ചിരുന്നു. ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയും 29000 രൂപ കണ്ണടവാങ്ങാൻ ചെലവഴിച്ചിരുന്നു.